Monday, 7 April 2014

നമ്മുടെ മലയാള സിനിമ

ഒരു വര്‍ഷത്തെ ഏറ്റവും മികച്ചതെന്ന് പറയപ്പെടുന്ന മലയാള ചലച്ചിത്രങ്ങള്‍ നമ്മുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കാണുമ്പോള്‍ സമകാലിക മലയാള സമാന്തര സിനിമയുടെ അതിഭയങ്കരമായ ആശയ ദാരിദ്ര്യം ഏറ്റവുമധികം അനുഭവപ്പെടും. നമ്മുടെ മനസ്സുകളെ പിടിച്ചുലക്കുകയും ചിന്തയെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന ലോകസിനിമയുടെ രത്നങ്ങള്‍ക്കിടയില്‍ ദരിദ്രമായ, ജഡാവസ്ഥയിലുള്ള നമ്മുടെ സിനിമകള്‍ കരിക്കട്ടകള്‍പ്പോലെ കെട്ടുകിടക്കും. സമകാലിക മലയാള സിനിമയുടെ മുഖമുദ്രയായി മാറിയിരിക്കുന്ന ഉപരിപ്ലവത നമ്മില്‍ വല്ലാത്തൊരു ചെടിപ്പ്‌ ഉണ്ടാക്കും. ഈ ഉപരിപ്ലവത തന്നെയാണ്‌ നല്ല സിനിമയുടെ മുഖമുദ്രയെന്ന് ചലച്ചിത്രകാരന്മാരുടെയും നിരൂപകരുടെയും ചലച്ചിത്ര പണ്ഡിതന്മാരുടെയും അവിശുദ്ധ കൂട്ടുകെട്ട്‌ സിദ്ധാന്തിക്കുമ്പോള്‍ മലയാള സിനിമയുടെ ദുരന്തം പൂര്‍ണ്ണമാകുന്നു.


ഇഴഞ്ഞുനീങ്ങുന്ന സിനിമ, ഓടിപ്പായുന്ന സിനിമ... ‍
ശ്രദ്ധേയങ്ങളായ ഒരുപിടി സിനിമകളില്‍കൂടി മലയാള സിനിമ ഒരു കാലത്ത്‌ ഇന്ത്യന്‍ സിനിമയിലെ ശക്തമായ സാന്നിദ്ധ്യം തന്നെയായിരുന്നു. ഇന്ത്യന്‍ സമാന്തര സിനിമയുടെ മുഖമുദ്രയായിരുന്ന 'ഇന്ത്യന്‍ ന്യൂ വേവ്‌' ചലച്ചിത്രങ്ങള്‍ സാമൂഹിക പ്രശ്നങ്ങളുടെ ഉപരിപ്ലവമായ കാഴ്ചകളിലേക്ക്‌ കൂപ്പുകുത്തിയ എഴുപതുകളുടെ മദ്ധ്യത്തില്‍ വിപ്ലവാത്മകമായ രൂപവും ഭാവവും ഉള്ളടക്കവുമായി എത്തി മലയാള സിനിമ. ഈ മലയാള ചലച്ചിത്രങ്ങള്‍ നമ്മുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ സ്വാധീനിക്കുകയും നമ്മുടെ സമൂഹത്തില്‍ കാര്യമായ ചലനങ്ങള്‍തന്നെ സൃഷ്ടിക്കുകയും ചെയ്തു. ഒരുപക്ഷെ സിനിമയേക്കുറിച്ചുള്ള പഠനങ്ങള്‍ അമിതമായി അക്കാദമികവത്‌കരിച്ചതിന്റെ ഫലമായി സിനിമാ ചര്‍ച്ചകള്‍ അതിന്റെ രൂപത്തെക്കുറിച്ചുള്ള (form) ചര്‍ച്ചകള്‍ മാത്രമായി ഒതുങ്ങിയതിനാലാവാം, കാലക്രമേണ മലയാള സമാന്തര സിനിമയുടെ മുഖമുദ്ര അതിന്റെ ഇഴഞ്ഞുനീക്കം മത്രമായി ചുരുങ്ങുകയും സ്വാഭാവികമായും അത്‌ ജനങ്ങളില്‍നിന്നുമകലുകയും ചെയ്തു. ഇഴഞ്ഞുനീങ്ങുന്ന മലയാള സമാന്തര സിനിമയെ രക്ഷിക്കുവാനായി ഒരു പുതിയ ഫോര്‍മുലയുമായി ഇതാ ചില സിനിമാ പണ്ഡിതര്‍ മുമ്പോട്ടു വന്നിരിക്കുന്നു ('മാതൃഭൂമി ആഴ്ചപ്പതിപ്പ്‌' സിനിമാ പതിപ്പ്‌ ജൂണ്‍ 1, 2008). ഇവര്‍ പറയുന്നു, ദ്രുതഗതിയില്‍ നീങ്ങുന്ന, സമകാലിക സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളാവണം ഇനിമുതല്‍ മലയാളത്തിലുണ്ടാവേണ്ടതെന്ന്. പക്ഷെ, ഈ ചിന്താധാരയുടെ ഫലമായി ഉണ്ടായിട്ടുള്ള ചിത്രങ്ങളുടെ എല്ലാം പൊതുവായ സ്വഭാവം അവയുടെ ഉപരിപ്ലവതയും സാമൂഹിക പ്രശ്നങ്ങളുടെ ആഴം കുറഞ്ഞ കഴ്ചകളുമാണ്‌. 

സമകാലിക ലോക സിനിമ
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് പൊതുവെ അനുഭവപ്പെടുന്ന ചിന്താദാരിദ്ര്യം സമകാലിക ലോകസിനിമയുടെ പൊതുവായ സ്വഭാവമാണോ? അല്ലെന്നുതന്നെ വേണം മനസ്സിലാക്കുവാന്‍. Alexander Sokurov (Russia), Bela Tarr (Hungary), Theo Angelopoulos (Greece), Lars von Trier (Denmark) തുടങ്ങിയ വിഖ്യാത സംവിധായകര്‍ തങ്ങളുടെ ഗഹനങ്ങളായ ചലച്ചിത്രങ്ങളില്‍ക്കൂടി ലോകസിനിമയെ ഇന്നും മുമ്പോട്ട്‌ നയിക്കുന്നു. നമ്മുടെ അയല്‍രാജ്യങ്ങളായ Iran, Thailand, Thaiwan, Vietnam, Korea തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്ന മഹത്തായ ചിത്രങ്ങള്‍ ലോക സിനിമയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. സമകാലിക ലോകസിനിമയെ അടുത്തറിയുമ്പോള്‍ ഒന്നു വ്യക്തമാകും, ഇഴഞ്ഞുനീങ്ങുന്ന സിനിമ, ദ്രുതഗതിയിലുള്ള സിനിമ തുടങ്ങിയ വിഭജനങ്ങളില്‍ക്കൂടി നല്ല സിനിമയെ നിര്‍വ്വചിക്കുവാനുള്ള ശ്രമങ്ങള്‍ വെറും അസംബന്ധം മാത്രമാവാനേ തരമുള്ളു. ലോകസിനിമയില്‍ അടുത്തകാലത്തുണ്ടായിട്ടുള്ളതും വളരെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായ ചില ചിത്രങ്ങള്‍ 'ഇഴഞ്ഞു നീങ്ങുന്ന'വയായിരുന്നു (slow paced) എന്നത്‌ ഓര്‍ക്കുക. Tsai Ming-liangന്റെ'What Time is it There?', Alexander Sokurovന്റെ 'Mother & Son', Apichatpong Weerasethakulന്റെ'Tropical Malady'തുടങ്ങിയ ഇഴയുന്ന ചിത്രങ്ങള്‍ സമകാലിക ലോകസിനിമയുടെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്‌.
സമകാലികമായ ഒരു വിഷയത്തെ പുതിയ രീതിയില്‍ അവതരിപ്പിക്കുകയും കാന്‍ ചലച്ചിത്ര മേളയില്‍ 'പാം ഡി ഓര്‍' ലഭിക്കുകയും ചെയ്ത ചിത്രമാണ്‌ Gus Van Sant ന്റെ'Elephant'. എന്നിട്ടും പ്രേക്ഷകരോട്‌ ആഴത്തില്‍ സംവദിക്കാതെ തൊലിപ്പുറത്ത്‌ മാത്രം നമ്മേ സ്പര്‍ശിച്ച്‌ കടന്നു പോകുന്ന ഒരു സിനിമയാണത്‌. ഇത്തരം സിനിമകള്‍ ചെറിയൊരു കാലത്തേക്ക്‌ ചെറിയൊരു ചലനമുണ്ടാക്കാമെങ്കിലും (അവാര്‍ഡിന്റെയും മറ്റും ഫലമായി) വളരെ വേഗം തന്നെ വിസ്മൃതിയിലേക്ക്‌ തള്ളപ്പെടുകയും ചെയ്യപ്പെടുന്നു. എന്നാല്‍ അടുത്തകാലത്ത്‌ ലോകസിനിമയിലെ പ്രബല സാന്നിദ്ധ്യമായിരുന്ന ഇറാന്‍, പുത്തനുണര്‍വുകളുടെ South Asiaഎന്നിവിടങ്ങളിലെ സിനിമകള്‍ വ്യത്യസ്തമാകുന്നത്‌ അവ നമ്മെ ധ്യാനനിരതരാക്കുകയും, ഉള്ളുണര്‍ത്തുകയും, ഒരുപക്ഷെ ആഴത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു കൊണ്ടാണ്‌. Abbas Kiarostami (Iran), Mohsen Makhmalbaf (Iran), Tsai ming Liang (Taiwan), Kim ki Duk (S.Korea), Apichatpong Weerasethakul (Thailand) തുടങ്ങിയവരുടെ സിനിമകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്‌ അതാണ്‌. കാലത്തെ അതിജീവിക്കുന്ന സിനിമകളുണ്ടാവുന്നത്‌ സംവിധായകന്റെ ആഴത്തിലുള്ള അന്വേഷണങ്ങളിലൂടെയാണ്‌, ഉപരിപ്ലവതയുടെ പുറംകാഴ്ചകളിലൂടെയല്ല. ഇത്തരത്തിലുള്ള അന്വേഷണങ്ങളില്‍ പ്രമേയപരമായ, രൂപപരമായ പൊതുവീഥികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പ്രസക്തിയുണ്ടെന്നും തോന്നുന്നില്ല. Dogme'95 ന്റെ കടുംപിടുത്തങ്ങളില്‍നിന്നും നമുക്ക്‌ ലഭിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍ Lars von Trier ന്റേതു മാത്രമായിരുന്നു.

സമകാലിക മലയാള സിനിമയുടെ പ്രശ്നങ്ങള്‍
എങ്ങുനിന്നോ കടംകൊണ്ട ഏതോ സിദ്ധാന്തത്തിന്റെ മാറ്റൊലിയാകാം കേരളത്തിലും ഇപ്പോള്‍ നാം കേള്‍ക്കുന്നത്‌. ഇത്തരം പുതിയ നിര്‍വ്വചനങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ ഒന്നു വ്യക്തമാകും, ഇഴഞ്ഞുനീങ്ങുന്ന ആര്‍ട്ട്‌ സിനിമയുടെ പഴയകാല സങ്കല്‍പ്പമാണ്‌ പുതുതലമുറയിലെ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയെന്ന കണ്ടെത്തലും, പ്രശ്നപരിഹാരമായി വേഗതയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവും യഥാര്‍ത്ഥ പ്രശ്നങ്ങളെ അതി-ലളിതവത്‌കരിക്കുവാനുള്ള ശ്രമം മാത്രമാണ്‌. സമകാലിക വിഷയങ്ങളെ മുന്‍നിര്‍ത്തി ഒട്ടുംതന്നെ ഇഴഞ്ഞുനീങ്ങാതെ, ആരിലും വിരസതയുളവാക്കാതെ സൃഷ്ടിക്കപ്പെടുന്ന ഇന്നത്തെ മലയാള സമാന്തര സിനിമ പക്ഷെ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ പല ആവര്‍ത്തി ചവച്ചുതുപ്പിയ സാമൂഹിക പ്രശ്നങ്ങളുടെ ബിംബങ്ങള്‍ ഒരിക്കല്‍ക്കൂടി പുനര്‍സൃഷ്ടിക്കുവാനുള്ള ദുര്‍ബല ശ്രമങ്ങള്‍ മാത്രമായി തരം താഴുന്നു. വര്‍ത്തമാന പത്രങ്ങളുടെയും വാര്‍ത്താചാനലുകളുടെയും അതിപ്രസരം തന്നെയുള്ള നമ്മുടെ നാട്ടില്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്ക്‌ എത്തിക്കേണ്ട ദൗത്യം ചലച്ചിത്രകാരന്മാര്‍ കൂടി ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഏറ്റവും ഉപരിപ്ലവമായ രീതിയില്‍ സമൂഹത്തിന്റെ പ്രശ്നങ്ങളെ മനസിലാക്കുന്ന സിനിമാ സംവിധായകര്‍ സന്ദേശവാഹകരുടെയും ഉപദേശികളുടെയും വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും പരിഹാസ്യമായ കാഴ്ചതന്നെ. Abbas Kiarostamiയുടെ പ്രസിദ്ധമായ ആ വാചകം ഇവിടെ ഉദ്ധരിക്കട്ടെ: "If I want to deliver messages, I would rather be a postman".
പുതിയ ആര്‍ട്ട്‌ സിനിമക്ക്‌ ഒരു പുതിയ ഫോര്‍മുല (പ്രമേയം, രൂപം, വേഗം എന്നിങ്ങനെ) ഉണ്ടാക്കിയെടുക്കുന്നതില്‍ കവിഞ്ഞ്‌ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന സിനിമാ രംഗത്തെ ഈ പുതിയ ചിന്തകള്‍ക്ക്‌ പ്രസക്തിയൊന്നുമുണ്ടെന്ന് തോന്നുന്നില്ല. സമകാലിക ലോകസിനിമയെ അടുത്തറിഞ്ഞാല്‍ ഒന്നു വ്യക്തമാകും, ഒരു സിനിമ വേഗതയുള്ളതാണോ ഇഴഞ്ഞു നീങ്ങുന്നതാണോ പരീക്ഷണാത്മകമാണോ എന്നതല്ല, മറിച്ച്‌, അതിന്റെ ആന്തരികമായ ഉള്‍ക്കരുത്തുതന്നെയാണ്‌ അതിനെ മഹത്തരമാക്കുന്നത്‌. എല്ലാക്കാലത്തും ഉള്‍ക്കരുത്തുള്ള സിനിമകളുണ്ടാവുന്നത്‌ ചലച്ചിത്രകാരന്റെ ആഴത്തിലുള്ള, അന്വേഷണങ്ങളില്‍നിന്നും ഉള്‍ക്കാഴ്ചകളില്‍നിന്നുമാണ്‌. ഇത്തരം അന്വേഷണങ്ങള്‍ ഉണ്ടാവുന്നത്‌ ഒരുപക്ഷെ സാംസ്കാരികമായ ചലനാത്മകതയില്‍നിന്നുമായിരിക്കാം, തീര്‍ച്ചയായും പഴയതോ പുതിയതോ ആയ ഫോര്‍മുലകളില്‍നിന്നുമല്ല. മലയാള സിനിമയില്‍ ഇന്ന് ഇത്തരം അന്വേഷണങ്ങള്‍ ഇല്ലാതെ വരുന്നത്‌ സാംസ്കാരികമായ നിശ്ചലതിയില്‍നിന്നുമാവുമോ? ഒരു കലാകാരന്‍ എന്ന നിലയില്‍ പുതിയ സംവിധായകന്റെ പ്രധാന വെല്ലുവിളി എല്ലാത്തരത്തിലുമുള്ള ഫോര്‍മുലകള്‍ക്കും ട്രെന്‍ഡുകള്‍ക്കും ഉപരിയായി സ്വന്തമായ അന്വേഷണങ്ങള്‍ നടത്തുകയെന്നതാണ്‌.
ലോകസിനിമയുടെ ഭൂപടത്തില്‍ ഒരു ചെറിയ സ്ഥാനമെങ്കിലുമുണ്ടായിരുന്ന മലയാളസിനിമയെ പുതിയ തലമുറക്ക്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നതായിരിക്കാം ഒരുപക്ഷെ മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി. പുതിയ തലമുറയിലെ സംവിധായകരേറെയും ഏറ്റവും ഉപരിപ്ലവമായ രീതിയില്‍ സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപദേശ സിനിമയിലേക്ക്‌ കൂപ്പുകുത്തിയിരിക്കുന്നു എന്നതാണ്‌ നമ്മുടെ സിനിമയുടെ പ്രതിസന്ധി.
മലയാള സമാന്തര സിനിമയുടെ ക്ഷീണത്തിനുകാരണം ഏതായാലും പ്രേക്ഷകനല്ല. പ്രേക്ഷകന്റെ നിലവാരത്തിലേക്കുയരാത്ത ചലച്ചിത്രകാരന്‍ തന്നെയാണ്‌. ഇതിന്‌ ഉപോല്‍ബലകമായി പറയാവുന്നത്‌, ഉന്നതനിലവാരമുള്ള മലയാള വായനയേക്കുറിച്ചാണ്‌. സോദ്ദേശ സാഹിത്യത്തെ പിന്‍തള്ളി വന്‍മുന്നേറ്റങ്ങള്‍ തന്നെ നടന്നിട്ടുള്ള മലയാള സാഹിത്യത്തിന്‌ പഴയതലമുറയിലും പുതിയതലമുറയിലും പെട്ട വായനക്കാര്‍ ഇന്നും ഉണ്ടെന്നത്‌ സൂചിപ്പിക്കുന്നത്‌ മലയാളത്തിലെ വായനക്കാരന്റെ ഉയര്‍ന്ന നിലവാരത്തെയാണ്‌. ഇവരൊക്കെത്തന്നെയാകുമല്ലോ നല്ല മലയാളസിനിമയുടെ പ്രേക്ഷകരും! .